കടകള്‍ അടച്ചിട്ടുകൊണ്ടുള്ള വ്യാപാരികളുടെ നില്‍പ് സമരം 10ന്

0
കാസര്‍കോട്: ദിവസക്രമവും സമയക്രമവും പാലിച്ചുകൊണ്ട് മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 10ന് കടകള്‍ അടച്ചിട്ടുകൊണ്ട് വ്യാപാരികള്‍ നില്‍പ് സമരം നടത്തും.

അവശ്യ സാധനം വില്‍പന നടത്തുന്ന കടകള്‍ ഉള്‍പ്പടെ മെഡിക്കല്‍ ഷോപ്പ് ഒഴികെ മുഴുവന്‍ കടകളും അടച്ചിടുവാനും അന്നേ ദിവസം യൂണിറ്റ് പരിധിയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പിലും പ്രധാന കവലകളിലും വീടുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് രാവിലെ 11 മണി മുതല്‍ 12 മണി വരെ നില്‍പ് സമരം നടത്തുവാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

കഴിഞ്ഞ ഒന്നര വര്‍ഷമായി വ്യാപാര മേഖല കടുത്ത വെല്ലുവിളികളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. കോവിഡ്-19 ന്റെ രണ്ടാം വരവോടെ മെയ് 4 മുതല്‍ ആരംഭിച്ച ലോക്ക്ഡൗണ്‍ ഓരോ ആഴ്ചയും നീട്ടികൊണ്ട് അനിശ്ചിതമായി നീണ്ടുപോകുകയാണ്. കഴിഞ്ഞ ഒരു മാസക്കാലമായി കടകള്‍ ഒന്ന് തുറന്ന് നോക്കാന്‍ പോലും കഴിയാത്ത വ്യാപാരികള്‍ നിരവധിയാണ്. നിരവധി തവണ നിവേദനങ്ങളായും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നേരില്‍ കണ്ടും വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു തരത്തിലുള്ള പരിഗണനയും ലഭിച്ചില്ലെന്നും അശാസ്ത്രിയമായ നിബന്ധനകളാണ് അധികാരികള്‍ വ്യാപാര മേഖലയില്‍ അടിച്ചേല്‍പിക്കുന്നതെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. ഇതു മൂലം നിരവധി വ്യാപാരികള്‍ പട്ടിണിയുടെയും ആത്മഹത്യയുടെയും വക്കിലാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ നടത്താന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിര്‍ബന്ധിതരായിരിക്കുകയാണ്.

ജൂണ്‍ 10ന് മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും പൂര്‍ണ്ണമായി അടച്ചിട്ടു കൊണ്ടുള്ള ധര്‍മ്മസമരത്തില്‍ മുഴുവന്‍ വ്യാപാരികളും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരിഫ്, ജന. സെക്രട്ടറി കെ.ജെ. സജി, ട്രഷറര്‍ മാഹിന്‍ കോളിക്കര എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

0Comments
Post a Comment (0)