കൂത്തുപറമ്പ്: മാനേജരെ ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാനറ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജർ കെ.സ്വപ്ന (38)യെയാണ് ബാങ്കിനകത്തു മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 9 മണിയോടെ ജീവനക്കാരി ബാങ്കിൽ എത്തിയപ്പോഴാണ് സ്വപ്നയെ മരിച്ച നിലയിൽ കാണുന്നത്. ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
കൂത്തുപറമ്പ് എസിപി കെ.ജി. സുരേഷും എസ്ഐ കെ.ടി. സന്ദീപും പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന ഡയറി കുറിപ്പും കണ്ടെടുത്തു. കൂത്തുപറമ്പിനടത്ത് നിർമലഗിരി കുട്ടിക്കുന്നിലാണ് സ്വപ്ന കുടുംബത്തോടൊപ്പം താമസം.
ഭർത്താവ് ഒരു വർഷം മുൻപ് മരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവർ ബാങ്ക് മാനേജരായി തൊക്കിലങ്ങാടിയിൽ എത്തിയത്. രണ്ട് കുട്ടികളുണ്ട്. തൃശൂർ മണ്ണുത്തി മുള്ളേക്കര സ്വദേശിനിയാണ്.