നിങ്ങള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായോ? നിങ്ങളുടെ സുരക്ഷിതമായ ഭാവിയ്‌ക്ക് വേണ്ടി നിങ്ങള്‍ എന്തെങ്കിലും പദ്ധതികള്‍ കണ്ടുവെച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ക്കായിതാ ഒരു പുതിയ അവസരം. എന്താണെന്നല്ലേ. കേന്ദ്ര സര്‍ക്കാര്‍ നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുള്ള ഒരു പുതിയ പദ്ധതിയുമായി വന്നിരിക്കുകയാണ്. അതില്‍ ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത് ഒരു ചെറിയ തുക നല്‍കി ഈ പദ്ധതിയില്‍ പങ്കാളിയാകുകയാണ്. 60 വയസ്സിന് ശേഷം നിങ്ങള്‍ക്ക് പ്രതിമാസം അയ്യായിരം രൂപയോ പ്രതി വര്‍ഷം അറുപതിനായിരം രൂപയോ ലഭ്യമാകും.
പ്രായമായാലും പണം നിങ്ങളുടെ വീടുകളിലേക്ക് ലഭിക്കുന്ന നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്‌ക്കുന്നുണ്ട്. അതുപോലെ, താഴ്ന്ന വരുമാനക്കാര്‍ക്ക് സ്ഥിര വരുമാനം ലഭ്യമാകുന്ന സര്‍ക്കാരിന്റെ ജനപ്രിയ പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. ഈ പദ്ധതിയില്‍ 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള ഏത് ഇന്ത്യന്‍ പൗരനും നിക്ഷേപം നടത്താം. കുറഞ്ഞത് 20 വര്‍ഷത്തെ നിക്ഷേപം ഉണ്ടെങ്കില്‍ മാത്രമേ പണം ലഭ്യമാകുകയുള്ളൂ. 1000 രൂപയില്‍ തുടങ്ങി 5000 രൂപ വരെ ഈ പദ്ധതിയില്‍ നിന്ന് പെന്‍ഷന്‍ തുകയായി ലഭിക്കും. -
60 വയസ്സ് വരെ പ്രതിമാസം 210 രൂപയുടെ നിക്ഷേപം നിങ്ങള്‍ നടത്തുകയാണെങ്കില്‍ 60 വയസ്സിന് ശേഷം നിങ്ങള്‍ക്ക് 5000 രൂപ പെന്‍ഷന്‍ തുക ലഭിക്കുന്നതായിരിക്കും. പ്രതിമാസം 42 രൂപയുടെ നിക്ഷേപം ആണെങ്കില്‍ പെന്‍ഷന്‍ തുകയായി 1000 രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലഭ്യമാകും.
18 വയസ്സുള്ളപ്പോള്‍ ത്രൈമാസ അടല്‍ പദ്ധതിയില്‍ ചേരുകയാണെങ്കില്‍, നിങ്ങളുടെ മൊത്തം നിക്ഷേപം 1.05 ലക്ഷം ആയിരിക്കും. എന്നാല്‍ അതേ സമയം, നിങ്ങള്‍ 35 വയസ്സിലാണ് ചേരുന്നതെങ്കില്‍ മൂന്ന് മാസം കൂടുമ്ബോള്‍ 2688 രൂപ അടയ്‌ക്കേണ്ടതായി വരും. 25 വര്‍ഷത്തേക്ക് നിങ്ങള്‍ നിക്ഷേപം നടത്തേണ്ടതായി വരും. ഈ സാഹചര്യത്തില്‍ നിങ്ങളുടെ മൊത്തം നിക്ഷേപ തുക 2.68 ലക്ഷം രൂപ ആയിരിക്കും. അതായത്, സമാനമായ ഒരു പദ്ധതിയിലേക്ക് നിങ്ങള്‍ 1.63 ലക്ഷം രൂപ അധികം നല്‍കേണ്ടി വരും. 18 വയസ്സോ അത് കഴിയുമ്ബോഴോ ചേരുകയാണെങ്കില്‍ നിങ്ങള്‍ക്ക് ലാഭം കണ്ടെത്താന്‍ കഴിയും.
മൊത്തം 1.05 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ പ്രതിമാസം അയ്യായിരം രൂപ നിങ്ങള്‍ക്ക് ലഭ്യമാകും. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡവലപ്പ്‌മെന്റ് അതോറിറ്റിയാണ് ദേശീയ പെന്‍ഷന്‍ പദ്ധതിയിലൂടെ ഈ പദ്ധതിയും നടപ്പിലാക്കുന്നത്. ഐടിയിലെ സാക്‌സണ്‍ 80 സിസിഡി പ്രകാരം നികുതി ഇളവും ലഭ്യമാകും. ഏത് ബാങ്കില്‍ വേണമെങ്കിലും അക്കൗണ്ട് തുറക്കാവുന്നതാണ്. എന്നാല്‍ ഒരു വ്യക്തിയുടെ പേരില്‍ ഒരു അക്കൗണ്ട് മാത്രമേ തുറക്കാന്‍ കഴിയൂ. ആദ്യ 5 വര്‍ഷത്തേക്കുള്ള സംഭാവന തുക സര്‍ക്കാര്‍ നല്‍കും. ഇത് 1000, 2000, 3000, 4000 അല്ലെങ്കില്‍ 5000 രൂപയുടെ 50 ശതമാനത്തില്‍ കൂടുതല്‍ ആയിരിക്കില്ല. പദ്ധതിയില്‍ പങ്കാളിയായ വ്യക്തി മരിക്കുകയാണെങ്കില്‍ ഭാര്യ/ഭര്‍ത്താവിനായിരിക്കും പെന്‍ഷന്‍ തുക ലഭിക്കുക. അല്ലെങ്കില്‍ നോമിനിയ്‌ക്ക് ലഭ്യമാകും.
-
ത്രൈമാസ പദ്ധതിയില്‍ എല്ലാ മൂന്ന് മാസവും 626 രൂപ 42 വര്‍ഷത്തേക്ക് നിക്ഷേപിക്കണം. ഇതില്‍ മൊത്തം നിക്ഷേപ തുക 1.05 ആയിരിക്കും. 60 വയസ്സിന് ശേഷം അയ്യായിരം രൂപ നിങ്ങള്‍ക്ക് ലഭിക്കും. അര്‍ദ്ധ വാര്‍ഷിക പദ്ധതിയാണെങ്കില്‍, എല്ലാ ആറ് മാസത്തിലും 42 വര്‍ഷത്തേക്കായി 1239 രൂപ നിക്ഷേപിക്കണം. ഇതില്‍ നിങ്ങളുടെ മൊത്തം നിക്ഷേപം 1.04 ലക്ഷം ആയിരിക്കും. ഈ പദ്ധതിലും 60 വയസ്സിന് ശേഷം അയ്യായിരം രൂപ നിങ്ങള്‍ക്ക് ലഭിക്കും.