കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് പുറത്തുചാടാന്‍ പാളത്തിലൂടെ ബൈക്കില്‍ സാഹസികയാത്ര; പോലീസ് കേസ്

0
കൊല്ലം: കോവിഡ് പടരുന്ന സാചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് നിരവധി ഇടങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിരിക്കുന്നത്. 

എന്നാല്‍ ഇതിനിടയിലും പലരും അധികൃതരുടെ കണ്ണുവെട്ടിച്ച് നിയന്ത്രണങ്ങള്‍ മറികടക്കുന്നുമുണ്ട്. പോലീസിന്റെ കണ്ണുവെട്ടിച്ച് നാടു ചുറ്റാന്‍ കൊല്ലത്ത് രണ്ടുപേര്‍ കണ്ടെത്തിയത് അല്‍പം കടന്ന കൈയ്യായിരുന്നു.

റെയില്‍വേ ട്രാക്കിലൂടെ ബൈക്ക് ഓടിച്ചാണ് രണ്ട് യുവാക്കള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് പുറത്തുകടക്കാന്‍ സാഹസികത കാട്ടിയത്. റോഡുകളെല്ലാം അടയ്ക്കുകയും പലയിടത്തും പോലീസ് ചെക്കിങ് ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ യുവാക്കള്‍ ബൈക്കോടിച്ചത്. കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയിലുള്ള റെയില്‍പാളത്തിലൂടെയായിരുന്നു യുവാക്കളുടെ സാഹസിക യാത്ര.

ട്രാക്കിലൂടെ രണ്ടു പേര്‍ ബൈക്കോടിച്ചു പോകുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. യുവാക്കളുടെ അഭ്യാസപ്രകടനം അവര്‍ കായങ്കുളം ആര്‍പിഎഫിനെ അറിയിച്ചു. ഇതോടെ കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയില്‍ റെയില്‍വേ റെഡ് സിഗ്നല്‍ നല്‍കി. പോലീസിന്റെ സാന്നിധ്യം മണത്ത യുവാക്കള്‍ ട്രാക്കില്‍ ബൈക്ക് ഉപേക്ഷിച്ച് തിരിഞ്ഞോടി. ആര്‍പിഎഫ് ബൈക്ക് കസ്റ്റഡിയിലെടുത്തു.

ചവറ സ്വദേശിയുടേതാണ് ബൈക്ക് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇയാളല്ല ബൈക്ക് ഓടിച്ചിരുന്നതെന്നാണ് വിവരം. റെയില്‍വേയുടെ പ്രദേശത്ത് അതിക്രമിച്ചു കടക്കല്‍, മാര്‍ഗതടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സാഹസിക ബൈക്ക് യാത്രയുടെ വീഡിയോ ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Post a Comment

0Comments
Post a Comment (0)