കോവിഡിന് എതിരായ പോരാട്ടം: ഇന്ത്യ കൃത്യസമയത്ത് ശരിയായ തീരുമാനങ്ങളെടുത്തു- പ്രധാനമന്ത്രി

0
ന്യൂഡല്‍ഹി: കൃത്യസമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുത്തതിനാല്‍ കോവിഡിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് മറ്റുരാജ്യങ്ങളെക്കാള്‍ മികച്ച നിലയിലെത്താന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ, കൊല്‍ക്കത്ത, നോയ്ഡ എന്നിവിടങ്ങളിലെ കോവിഡ് ടെസ്റ്റിങ് ലാബുകള്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അവകാശപ്പെട്ടത്.

രാജ്യത്തെ മരണ നിരക്ക് മറ്റുപല വലിയ രാജ്യങ്ങളെക്കാളും താഴ്ന്ന നിലയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രോഗമുക്തി നിരക്കിലും മിക്കരാജ്യങ്ങളെക്കാളും ഇന്ത്യ മുന്നിലാണ്. കോവിഡ് പോരാളികളുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ലോകം നമ്മെ പ്രശംസിക്കുന്നത്. രാജ്യത്ത് നിലവില്‍ 11,000ല്‍ അധികം കോവിഡ് ചികിത്സാ കേന്ദ്രങ്ങളും 11 ലക്ഷത്തിലധികം ഐസൊലേഷന്‍ കിടക്കകളുമുണ്ട്. എല്ലാ ഇന്ത്യക്കാരുടെയും ജീവന്‍ രക്ഷിക്കുകയാണ് ലക്ഷ്യം.

ഇന്ത്യയിലെ പിപിഇ കിറ്റുകളുടെയും ടെസ്റ്റ് കിറ്റുകളുടെയും നിര്‍മാണം വലിയ വിജയഗാഥയാണ്. ഒരു ഘട്ടത്തില്‍ രാജ്യത്ത് ഒരു പിപിഇ കിറ്റുപോലും നിര്‍മിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് പിപിഇ കിറ്റുകളുടെ നിര്‍മാണത്തില്‍ ലോകത്തുതന്നെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആറ് മാസത്തിനിടയില്‍ 1200ല്‍ അധികം നിര്‍മാതാക്കളാണ് പിപിഇ കിറ്റ് നിര്‍മാണം തുടങ്ങിയത്. മൂന്ന് ലക്ഷത്തിലധികം എന്‍ 95 മാസ്‌കുകള്‍ രാജ്യത്ത് നിര്‍മിച്ചു. ഓരോ വര്‍ഷവും മൂന്ന് ലക്ഷം വെന്റിലേറ്ററുകള്‍ നിര്‍മിക്കാനുള്ള ശേഷി ഇന്ന് നമുക്കുണ്ട്.

മുംബൈ, നോയ്ഡ, കൊല്‍ക്കത്ത നഗരങ്ങളില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ ലാബുകള്‍ കോവിഡ് പരിശോധനയ്ക്ക് മാത്രമുള്ളവയല്ല. ഹെപ്പറ്റൈറ്റിസ് ബി,സി, എച്ച്‌ഐവി, ഡെങ്കി അടക്കമുള്ളവയ്ക്കുള്ള പരിശോധനകള്‍ ഭാവിയില്‍ ഇവിടെ നടത്താന്‍ കഴിയുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

രാജ്യത്ത് 24 മണിക്കൂറിനിടെ 49,931 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 14,35,453 ആയി ഉയര്‍ന്നിരുന്നു. 9,17,568 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി കോവിഡ് പോരാട്ടം സംബന്ധിച്ച അവകാശവാദങ്ങള്‍ ഉന്നയിച്ചത്.

Post a Comment

0Comments
Post a Comment (0)